Thursday 15 August 2013

amma on independence

മക്കളേ,

സ്വാതന്ത്ര്യമെന്നത് അനാദികാലംമുതല്‍ മനുഷ്യന്‍ മനസ്സില്‍ താലോലിക്കുന്ന സങ്കല്പമാണ്. ഓരോ ജീവിക്കും സ്വാതന്ത്ര്യം പ്രാണന്‍പോലെ വിലപ്പെട്ടതാണ്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയുമെല്ലാം ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും സ്വാതന്ത്ര്യം കൂടിയേതീരൂ. എങ്കിലും ഒരുസത്യം നമ്മള്‍ മനസ്സിലാക്കണം. ഒരാള്‍ അമിത സ്വാതന്ത്ര്യമെടുത്താല്‍ മറ്റുള്ളവര്‍ക്ക് അത് അസ്വാതന്ത്ര്യവും ദുഃഖവുമുണ്ടാക്കും. മാത്രമല്ല, പിന്നീടത് അയാള്‍ക്കുതന്നെയും ദുഃഖത്തിന് കാരണമാകും.

ഒരു കഥയോര്‍ക്കുന്നു: ഒരുയുവാവ് എന്നും കാമുകിയെ കാണാന്‍ ബൈക്കില്‍ പോകും. കാമുകിയെ കാണാനുള്ള ആവേശംകാരണം പോകുന്നവഴിക്ക് അയാള്‍ ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാറില്ല. ചുവന്ന ലൈറ്റ് കിടന്നാലും വണ്ടിനിര്‍ത്താതെ ഓടിച്ചുപോകും. അതുകാരണം പലപ്പോഴും അപകടം സംഭവിച്ചിട്ടുണ്ട്. എന്നാലതൊന്നും അയാള്‍ അത്ര കാര്യമാക്കാറില്ല. ഒരു ദിവസം ബൈക്കില്‍ പോകുമ്പോള്‍ ചുവന്ന ലൈറ്റുകണ്ട ഉടനെ അയാള്‍ വണ്ടിനിര്‍ത്തി. പോക്കറ്റില്‍നിന്ന് കാമുകിയുടെ ഫോട്ടോ എടുത്ത് അതില്‍ നോക്കിക്കൊണ്ടിരുന്നു. പച്ചലൈറ്റ് തെളിയുന്നതുവരെ അവിടെ കാത്തുകിടന്നു. അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരനും അന്ന് കൂടെയുണ്ടായിരുന്നു. പതിവിന് വിപരീതമായി സിഗ്‌നല്‍ കണ്ടയുടനെ അയാള്‍ ബൈക്ക് നിര്‍ത്തിയതുകണ്ടപ്പോള്‍ സുഹൃത്ത് കാരണംതിരക്കി. അപ്പോള്‍ യുവാവ് പറഞ്ഞു: ''ഇതുവരെയും അവളെ കാണാനുള്ള ആവേശത്തില്‍ ഞാനെല്ലാം മറന്നുപോകുമായിരുന്നു. വാഹനങ്ങളോ നിയമങ്ങളോ ഒന്നും ഞാന്‍ ചിന്തിച്ചിരുന്നതേയില്ല. അവളെകാണുക എന്ന ഒറ്റസ്വാര്‍ഥത മാത്രമാണ് എന്നെ നയിച്ചിരുന്നത്. എന്നാല്‍, എനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവള്‍ ദുഃഖിക്കുമല്ലോ എന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങി. അതോടെ ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധവെച്ചു.''

ഇതുപോലെ നമ്മള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍മാത്രം നോക്കുമ്പോള്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ആവശ്യമായി തോന്നുകയില്ല. എന്നാല്‍, മറ്റുള്ളവരെക്കൂടി പരിഗണിക്കാനുള്ള ശ്രദ്ധയും ക്ഷമയും ഉണ്ടാകുമ്പോള്‍ അവയൊക്കെ അംഗീകരിക്കാന്‍ തയ്യാറാകും. വ്യക്തിയുടെ താത്പര്യവും സമൂഹത്തിന്റെ താത്പര്യവും സന്തുലിതമായി പോകണം. ഇതിനെ തന്നെയാണ് ഭാരതീയര്‍ ധര്‍മമെന്ന് വിളിച്ചത്. ധര്‍മത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് നമുക്കാവശ്യം. പുരോഗതിയുടെ മാര്‍ഗമതാണ്.

വാസ്തവത്തില്‍ ജീവിതത്തിലൊരിക്കലും പൂര്‍ണമായ സ്വാതന്ത്ര്യം സാധ്യമല്ല. സുഖവും ദുഃഖവും സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും ജീവിതമാകുന്ന നാണയത്തിന്റെ ഇരുവശങ്ങളാണ്. അവ ഒരുമിച്ചേ നില്‍ക്കുകയുള്ളൂ. കോടിക്കണക്കിന് സമ്പത്ത് കുന്നുകൂട്ടിയ കോടീശ്വരന്മാര്‍ ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്. രാജ്യങ്ങളും വന്‍കരകളും വെട്ടിപ്പിടിച്ച ചക്രവര്‍ത്തിമാരുമുണ്ടായിട്ടുണ്ട്. എന്നാല്‍, ഒടുക്കം അവരിലധികംപേര്‍ക്കും ലഭിച്ചത് ദുഃഖവും നിരാശയും അസ്വാതന്ത്ര്യവും തന്നെയായിരുന്നു. അപ്പോള്‍ പിന്നെ പൂര്‍ണസ്വാതന്ത്ര്യം എവിടെയാണ്? ബാഹ്യലോകത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അല്പം പോലും ബാധിക്കാത്ത ഒരുതലം നമുക്കുണ്ട്. അതിനെയാണ് നമ്മുടെ ഉണ്മ അല്ലെങ്കില്‍ ആത്മസ്വരൂപമെന്ന് പറയുന്നത്. അതിനെയറിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളുടെയിടയിലും പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കാനാകും. എന്നാല്‍, വ്യക്തിപരമായ ആത്മീയ ഉന്നതി കൊണ്ടുമാത്രം ഒരുരാഷ്ട്രത്തിന് മുന്നേറാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ ധാര്‍മിക അടിത്തറയിലുള്ള പുരോഗതിക്ക് പ്രാധാന്യം കൊടുത്തത്.

നമ്മുടെ സ്വാതന്ത്ര്യസമരപ്പോരാളികള്‍ ധാര്‍മിക മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു. ജനങ്ങളില്‍ ധര്‍മബോധമില്ലെങ്കില്‍ രാഷ്ട്രം ഭൗതികമായിപ്പോലും പിറകിലായിപ്പോകും. വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ സത്യത്തെക്കുറിച്ച് നമ്മളെല്ലാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

അമ്മ

 © MAM

No comments:

Post a Comment