Wednesday 30 October 2013

തമസോമാ ജ്യോതിര്‍ഗമയഃ

ഇരുളടഞ്ഞ വഴിത്താരകളിൽ നിറ ദീപങ്ങൾ തെളിച്ചുകൊണ്ട് മറ്റൊരു ദീപാവലി കടന്നു വരികയാണ്. മധുര പലഹാരങ്ങളും, അലങ്കാര ദീപങ്ങളും നിറം ചാർത്തുന്ന ദീപാവലി ഭാരതീയൻറെ നിത്യജീവിതത്തോട് വളരെ അധികം താദാത്മ്യപ്പെട്ടിരിക്കുന്നു. കേവലം വിനോദത്തിനും, ബാഹ്യ പ്രകടനങ്ങൾക്കും ഉപരി ഉദാത്തവും ഉജ്ജ്വലവുമായ സന്ദേശങ്ങൾ ദീപാവലി നമ്മോടു മനോഹരമായ് സംവദിക്കുന്നു.

ദീപാവലി ദീപങ്ങളുടെ ആവലി ആണ്, അഥവാ വിളക്കുകളുടെ കൂട്ടം 
അനേകം വിളക്കുകളിലേ പ്രകാശം ഒന്നായ്‌ ഒരു പ്രകാശ ധാരയായ് മാറുന്നു. പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്തും, ഒത്തുചേർന്ന് പ്രാർത്ഥനകൾ അർപ്പിച്ചും ആഘോഷിക്കപ്പെടുന്ന ദീപാവലി ഒരേ സമയം മാധുര്യത്തിൻറെയും, പ്രകാശത്തിന്റെയും, കൂട്ടായ്മയുടെയും സ്മരണ നമ്മിൽ ഉണർത്തുന്നു.  

ബൃഹദാരണ്യകോപനിഷത്തിലൂടെ ഋഷി നമ്മോടു പങ്കുവച്ച
തമസോമാ ജ്യോതിര്‍ഗമയഃ എന്നാ മഹത്തായ ദർശനം തന്നെയാണ് , ദീപാവലിയുടെയും സന്ദേശം. ഇരുളിൽ നിന്നും വെളിച്ചത്തിലെക്കു ഉപനയിക്കുന്ന സനാതന സംസ്കൃതിയുടെ മഹോത്സവമാണ് ദീപാവലി. രാവണ നിഗ്രഹം ചെയ്തു വനവാസാനന്തരം മടങ്ങി വന്ന ഭഗവാൻ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാ നിവാസികൾ ദീപങ്ങൾ തെളിയിച്ചു സ്വീകരിച്ചതിന്റെ ഒർമ പുതുക്കലാണത്രേ ദീപാവലി.

ദീപാവലിയുടെ മറ്റൊരു ഐതീഹ്യം നരകാസുരനെ വധിച്ച് 1600 കന്യകമാരെ സ്വതന്ത്ര്യമാക്കിയ ശ്രീ കൃഷ്ണവിജയത്തിന്റെ സ്മരണയാണ് ദീപാവലി എന്നതാണ്. വർദ്ധമാനമഹാവീരൻറെ നിർവാണ ദിനവും ദീപാവലിയാണ്. ഭാരതവർഷത്തിൽ രൂപം കൊണ്ട മിക്ക സമ്പ്രദായക്കാരും, മിക്ക ദേശക്കാരും ദീപാവലി ആഘോഷിക്കുന്നു.  ഇന്ന് ലോകമെങ്ങും  ആഘോഷിക്കുന്ന ഒരു ആഘോഷമായ് ദീപാവലി മാറിയിരിക്കുന്നു.

ദീപാവലി നമ്മുടെ ജീവിതപഥങ്ങളിൽ വെളിച്ചം പൊഴിക്കട്ടെ എന്നാശംസിക്കുന്നു..
വന്ദേ മാതരം 
ദീപാവലി പ്രഭയിൽ സുവർണ ക്ഷേത്രം (പ്രമുഖ സിഖ് ക്ഷേത്രം )
ലണ്ടൻ, ട്രഫാൽഗർ സ്ക്വയറിൽ നടന്ന ദീപാവലി ആഘോഷം

No comments:

Post a Comment